കൊച്ചി: ഇന്ത്യയിൽനിന്നു അമേരിക്കയിലേക്ക് മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്കു നാഷണൽ ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റി കമ്പനിയിലൂടെ (എൻസിജിടിസി) ക്രെഡിറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അർഹരായ കയറ്റുമതിക്കാർക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും 20,000 കോടിയുടെ സഹായമെത്തിക്കാനുമുള്ള കേന്ദ്രതീരുമാനം ഗുണകരമെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. തീരുമാനം ഇന്ത്യയിലെ സമുദ്രോത്പന്ന കയറ്റുമതിക്കാർക്ക് ഗുണം ചെയ്യുന്നതാണ്.
അമേരിക്ക സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെത്തുടർന്ന് കയറ്റുമതി വ്യവസായം നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര ധനമന്ത്രാലയത്തിനു നിവേദനം നൽകിയിരുന്നു. ഹ്രസ്വ, മധ്യ, ദീർഘകാല സഹായ പദ്ധതികളാണ് അതിൽ സമർപ്പിച്ചിരുന്നത്.
മൂലധനത്തിന്റെ 30 ശതമാനം സോഫ്റ്റ് ലോൺ നൽകുന്നതിലും അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന ഫാക്ടറികളുടെ കാഷ് ക്രെഡിറ്റ് പ്രവർത്തന മൂലധന ലോണുകളുടെ തിരിച്ചടവ് നീട്ടിവയ്ക്കുന്നതിലും കേന്ദ്ര ധനകാര്യ ജോയിന്റ് സെക്രട്ടറി അനുകൂല നിലപാട് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായതെന്നും കെ.വി. തോമസ് പറഞ്ഞു.